12:15pm 01 August 2026
NEWS
രാജ്യത്ത് ജാതി സെൻസസിന് കളമൊരുങ്ങുന്നു; 2027-ൽ വിവരശേഖരണം ആരംഭിക്കും
17/06/2025  08:00 AM IST
സുരേഷ് വണ്ടന്നൂർ
രാജ്യത്ത് ജാതി സെൻസസിന് കളമൊരുങ്ങുന്നു; 2027-ൽ വിവരശേഖരണം ആരംഭിക്കും

2027-ൽ രാജ്യത്ത് നടക്കാനിരിക്കുന്ന സെൻസസ് നടപടികൾക്കുള്ള വിജ്ഞാപനം കേന്ദ്രം പുറപ്പെടുവിച്ചു. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം നടക്കുന്ന എട്ടാമത്തെ സെൻസസാണിത്. ഇതിനുമുമ്പ് 2011-ലാണ് സെൻസസ് നടന്നത്. സാധാരണയായി പത്ത് വർഷത്തിലൊരിക്കൽ നടത്താറുള്ള സെൻസസ്, വിവിധ കാരണങ്ങളാൽ ഇത്തവണ വൈകുകയായിരുന്നു.

ജാതി സെൻസസും നടത്തുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വിജ്ഞാപനത്തിൽ ഇതേക്കുറിച്ച് വ്യക്തമായ പരാമർശമില്ല. എന്നാൽ വിശദമായ നിർദ്ദേശങ്ങൾ പിന്നീട് ഉണ്ടാകുമെന്നാണ് സൂചന. ജാതി സെൻസസ് വഴി രാജ്യത്തെ ഒ.ബി.സി ജനസംഖ്യയുടെ കൃത്യമായ കണക്കുകൾ ലഭ്യമാകും. ഇത് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ സഹായിക്കുമെന്ന് കരുതുന്നു. സ്വാതന്ത്ര്യാനന്തരം ആദ്യമായാണ് രാജ്യത്ത് ജാതി സെൻസസ് നടപ്പിലാക്കുന്നത്. 2011-ൽ യു.പി.എ ഭരണകാലത്ത് ഒരു ജാതി സർവേ നടന്നെങ്കിലും അതിന്റെ വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ഏകദേശം 13,000 കോടി രൂപയാണ് സെൻസസിനായി പ്രതീക്ഷിക്കുന്ന ചെലവ്. മണ്ഡല പുനർനിർണയം, പാർലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം തുടങ്ങിയവയ്ക്ക് സെൻസസ് വിവരങ്ങൾ നിർണായകമാണ്. സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള റഫറൻസ് തീയതികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സെൻസസ് നടപടികൾ

സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടത്തിൽ വീടുകളിലെ സൗകര്യങ്ങൾ, സാഹചര്യങ്ങൾ, സ്വത്തുക്കൾ തുടങ്ങിയവയുടെ വിവരങ്ങൾ ശേഖരിക്കും. രണ്ടാംഘട്ടത്തിലാണ് ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നത്, ഇതിൽ ജാതിയെക്കുറിച്ചുള്ള കോളവും ഉൾപ്പെടുമെന്നാണ് സൂചന. 34 ലക്ഷത്തിലധികം എന്യൂമറേറ്റർമാരെയും സൂപ്പർവൈസർമാരെയും ഈ പ്രവർത്തനങ്ങൾക്കായി നിയോഗിക്കും. വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും. ഒക്ടോബറിൽ എന്യൂമറേറ്റർമാർക്കുള്ള പരിശീലനം ആരംഭിക്കും.
സെൻസസിനായി ഏകദേശം 36 ചോദ്യങ്ങൾ തയ്യാറാക്കും. ഫോൺ, ഇന്റർനെറ്റ് കണക്ഷൻ, വാഹനം, കഴിക്കുന്ന ധാന്യങ്ങൾ, വീട്ടുടമ വനിതയാണോ തുടങ്ങിയ വിവരങ്ങൾ ചോദ്യങ്ങളിൽ ഉൾപ്പെടും.

പ്രധാന തീയതികൾ

 * ജമ്മു കാശ്‌മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ വിവരശേഖരണം 2026 ഒക്ടോബറിൽ ആരംഭിക്കും.
 * മറ്റു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും റഫറൻസ് തീയതി 2027 മാർച്ചിൽ ആരംഭിക്കും.

സെൻസസിലൂടെ ലഭ്യമാകുന്ന പ്രധാന വിവരങ്ങൾ

 * ജനസംഖ്യയും വളർച്ചാ നിരക്കും
 * ലിംഗാനുപാതം
 * സാക്ഷരതാ നിരക്ക്
 * നഗരവൽക്കരണം
 * ഒ.ബി.സി കണക്കുകൾ എന്നിവ ഉൾപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img